ജീവകാരുണ്യ പ്രവർത്തനത്തിന്റെ പേരിലെ തട്ടിപ്പ് തടയാൻ ഐആർപിസി ജില്ലയിൽ മതനിരപേക്ഷ പുനരധിവാസ കേന്ദ്രം തുടങ്ങുമെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജൻ പറഞ്ഞു. പയ്യന്നൂർ സോണൽ വളണ്ടിയർ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവരുടെയും കിടപ്പിലായ രോഗികളുടെയും പരിചരണത്തിന് ജില്ലയിൽ ഐആർപിസി വളണ്ടിയർ പ്രവർത്തനം വിപുലീകരിക്കും. ഐആർപിസി പ്രവർത്തനത്തിന് രാഷ്ട്രീയമില്ല. പ്രവർത്തകർ കിടപ്പിലായ രോഗികളെ ആഴ്ചയിൽ ഒരു പ്രാവശ്യം വീട്ടിൽച്ചെന്ന് കാണണം. കൃഷ്ണപ്പിള്ള പാർട്ടി പ്രവർത്തനം നടത്തുമ്പോൾ പാവപ്പെട്ടവരെയും രോഗികളെയും സംരക്ഷിക്കാൻ പ്രതേ്യകം ശ്രദ്ധിച്ചിരുന്നു. വസൂരി, കോളറ തുടങ്ങിയ രോഗങ്ങളൊക്കെ നാട്ടിൽ പടർന്ന കാലഘട്ടത്തിൽ നാട്ടുകാരുടെ രക്ഷക്കെത്തിയത് കമ്മ്യൂണിസ്റ്റുകാരാണ്. കൃഷ്ണപ്പിള്ള ദിനമായ ആഗസ്ത് 19ന് കിടപ്പിലായ മുഴുവൻ രോഗികളുടെയും വീടുകൾ വളണ്ടിയർമാർ സന്ദർശിക്കും. തുടർന്ന് എല്ലാ നേതാക്കളുടെയും അനുസ്മരണ ദിനവുമായി ബന്ധപ്പെട്ട് ജീവകാരുണ്യ പ്രവർത്തനം നടത്തണം. ഡോ. ഹരിദാസ് അദ്ധ്യക്ഷനായി. ലോക്കലുകളിലെ ചാരിറ്റിബോക്‌സിന്റെ ഉദ്ഘാടനവും നടന്നു. ആദ്യസംഭാവന സി.പി.ഐ.(എം) ഏരിയാ സെക്രട്ടറി ടി.കെ. മധുസൂദനൻ വ്യാപാരി വ്യവസായി ഏരിയാ സെക്രട്ടറി പി വിജയനിൽ നിന്ന് ഏറ്റുവാങ്ങി. എ.കെ. സുകുമാരൻ പ്രതിജ്ഞ ചൊല്ലി. കെ.വി. ഗോവിന്ദൻ, പി.എം. സാജിത്, രാധാകൃഷ്ണൻ കാവുമ്പായി, പി.വി. ലക്ഷ്മണൻ നായർ, വി. നന്ദകുമാർ എന്നിവർ സംസാരിച്ചു.